internetPoem.com Login

ഇത്തിരി മണ്ണ്

Amarnath Pallath

മരുഭൂമിയിലെ മരുപ്പച്ചയിൽ
മണ്ണുപുതച്ച ഭൂതലങ്ങളിൽ
ഭാവബേധങ്ങളില്ലാതെ കണ്ടു
ബോധപൂർവം, ഒരുതരിമണ്ണ്.

തിരമാലകൾ ഉയർന്നു; താണു
തിരിച്ചുപോകുമ്പോൾ,
മൺതരി കോപിച്ചില്ല, സ്നിഗ്ദ്ധമായി
മറ്റൊരു തിരവരുമീ മണ്ണിൽ ചേരാൻ.

ശ്വാസകോശങ്ങളിലെ ധമനികൾ
ശാന്തമായി, ഒന്നിനുപിറകെയൊന്നായി
നെടുവീർപ്പുകളും നൊമ്പരങ്ങളുമലിഞു
നാളെകൾക്കായി നല്ലനാളുകൾക്കായി.

മണ്ണിൽ മഴചാറുമ്പോൾ, ഗദ്ഗദങ്ങൾ
മണ്ണിൽനിന്നും നദിയായി, കടലായി
മാറിലണക്കും മുൻപേ, നീരാവിയായി
മറിഞ്ഞ മരീചികപോൽ ഈ മണ്ണിൽ.

ഞാനില്ല, വേണ്ട എന്നെല്ലാം, പക്ഷെ
ഞാനാണ് നീയും, നിന്ടെതുമെല്ലാം
മണ്ണാണെല്ലാം. തരികളിൽ നീയും ഞാനും
മനസ്സിലെ കണക്കുകൂട്ടലുകൾ, ഒന്നാകും.

ശവപ്പറമ്പിൽ, മണ്ണും, വൃക്ഷാതികളും
ശത്രുക്കൾ, ശാസ്ത്രജ്ഞന്മാരെല്ലാം ഇവിടെ
പ്രണയവും, പ്രേമവും, പ്രക്രിയയും നടക്കും
പ്രമാണങ്ങളിലുണ്ട് ഞാൻ ആണ് എല്ലാം, മണ്ണ്.

ചന്തമുള്ളതായാലും ഇല്ലെങ്കിലും
ചക്രങ്ങളുരുട്ടി സമയം മാറും, നിശ്ചലം
ഒന്നേയുള്ളൂ; നിശ്ചിത സമയം, മണ്ണാവാൻ
ഒറ്റക്കായി, ഒറ്റയാനായി വന്നുപോകുന്നു - മണ്ണായി.


(C) Amarnath Pallath
07/06/2022


Best Poems of Amarnath Pallath